ഓശാന ഞായറാഴ്ച . രാവിലെ ആണ് ആലപ്പുഴയിൽ നിന്ന് സ്റ്റാൻലി തിരിച്ചെത്തിയത് . വൈഫിന്റെ വീട്ടിൽ പോയതായിരുന്നു . വൈഫും ഉണ്ടായിരുന്നു .
സ്റ്റാൻലിക്കു ബ്രേക്ഫാസ്റ്റ കൊടുത്തിട്ട് വൈഫ് പള്ളിയിൽ പോയി . സ്റ്റാൻലിയും ഞാനുമൊക്കെ വല്ലപ്പോഴുമേ പള്ളിയിൽ പോകാറുള്ളൂ . ടെറസിലെ തോട്ടത്തിലാണ് പോകാൻ കൂടുതൽ ഇഷ്ടം .
സ്റ്റാൻലി ഇന്നും മുകളിൽ പോയി . ചെടികളോട് സല്ലപിച്ചു . മൂവാണ്ടൻ മാവിൽ നിന്ന് നാല് മാങ്ങാ പറിച്ചു ടെറസിൽ തന്നെ വെച്ചു . താഴെ അടുക്കളയുടെ മുകളിലുള്ള കഷ്ടി പത്തടി പൊക്കമുള്ള മിനി ടെറസിലേക്കു ഇറങ്ങി .
വലിയ ഒരു ഒച്ച കേട്ടാണ് ആൾക്കാർ ഓടിക്കൂടിയത് . രക്തത്തിൽ കുളിച്ചു കിടക്കുന്നു സ്റ്റാൻലി . അമ്മിക്കല്ലിലും ചോര പുരണ്ടിട്ടുണ്ട് . ടെറസ്സിൽ ഒരു ചെടിച്ചട്ടി മറിഞ്ഞു കിടക്കുന്നു . ആസ്പത്രിയിൽ രണ്ടോ മൂന്നോ മണിക്കൂർ . തീർന്നു എല്ലാം .
സ്റ്റാൻലി ആത്‌മ സുഹൃത്ത് ആയിരുന്നു . residential association meetings ൽ നിറ സാന്നിധ്യം ആയിരുന്നു . ആകെ ഏഴു പേരെ വരാറുള്ളു . ഒരാൾ മുടങ്ങാതെ സ്റ്റാൻലി ആയിരുന്നു . ഓരോ ഗ്ലാസ് നല്ല വാക്കിന്റെ പുറത്തു നാട്ടുകാര്യം എന്ന നാട്യത്തിൽ ഞങ്ങൾ കുശുമ്പും കുന്നായ്മയും പങ്കു വച്ചു . എല്ലാ മാസവും .
town planner ആയിരുന്ന കാലത്തെ ഓർമകളും അയവിറക്കാറുണ്ടായിരുന്നു . മൂന്നു വർഷം ആയിരുന്നു റിട്ടയർ ചെയ്തിട്ട് . എല്ലാം transparent . ഒന്നും ഒളിച്ചു വയ്ക്കുന്ന സ്വഭാവം സ്റ്റാൻലിക്കില്ലായിരുന്നു . കുടുംബ രഹസ്യങ്ങൾ പോലും തമാശ മേമ്പൊടി ചേർത്ത് ഞങ്ങളോട് പങ്കു വച്ചിരുന്നു . ഏതു വലിയ പ്രശ്നത്തെയും സിമ്പിൾ ആയി കാണാൻ ഉള്ള സ്റ്റാൻലിയുടെ കഴിവിൽ ഞങ്ങൾക്കു ചെറിയ അസൂയ ആയിരുന്നു.
പല പ്രാവശ്യം ടൂർ പോയിട്ടുണ്ട് കുടുംബ സമേതം . നെല്ലിയാംപതിയിൽ ഒന്ന് കൂടി പോകണം എന്ന് ഒന്നിച്ചു പോകണം എന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു. നടന്നില്ല . ഒറ്റയ്ക്ക് പറന്നു പോയി . ഒന്നും ഒന്നും പ്ലാൻ ചെയ്യാതെ ഒരു യാത്ര . ഒരു ടാറ്റ കൊടുക്കാൻ പോലും ഞങ്ങൾക്കായില്ല .
ഇന്ന് പള്ളിയിൽ പ്രാർത്ഥന ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോൾ ഒരു ശൂന്യത . എവിടെയോ എന്തോ വിട്ടു പോയത് പോലെ . കൊളുത്തി വലിച്ചിട്ടും ഒന്നും കിട്ടാതെ എവിടെയൊക്കെയോ വീഴുന്ന ഒരു ഉളുക്ക് . ശ്വസിക്കുന്ന വായുവിന് പെട്ടെന്ന് കനം കൂടിയത് പോലെ .
ഓർമ്മകൾ മരിക്കാൻ എടുക്കുന്ന സമയം . അതോ മറവിക്കു കൂട്ട് പോകാൻ മടിക്കുന്ന മനസ്സിന്റെ മെല്ലെപ്പോക്കോ
